Friday, August 31, 2012

യുക്തിവാതം


രക്തസമ്മര്‍ദ്ദത്തിനു ചികില്‍സ

ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ സാക്ഷാല്‍ ആയുര്‍വേദക്കാരന്‍ ചുറ്റിപ്പോകും


കാരണം അമിതമായ രക്തസമ്മര്‍ദം എന്ന ഒരു രോഗം ആയുര്‍വേദം പറയുന്നില്ല.

ആധുനികര്‍ വിഷയം കൊണ്ടു വന്നപ്പോള്‍ ആയുര്‍വേദത്തിലെ അതാണ്‌ ഇതാണ്‌ എന്നൊക്കെ താരതമ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നു എന്നെ ഉള്ളൂ. ഒന്നും 100 ശതമാനം ഒക്കുകയില്ല.


ചികില്‍സ രോഗിയെ പരിശോധിച്ച്‌ വൈദ്യന്‍ നിശ്ചയിക്കണം


പലരിലായി ഞാന്‍ ഉപയോഗിച്ചു ഫലം കണ്ട ചിലകാര്യങ്ങള്‍ പറയാം


പക്ഷെ ഇതിലെ ഏത്‌ ഒരെണ്ണം എടുത്താലും എല്ലാവരിലും ഫലിച്ചിട്ടില്ല. കാരണം ആളുകളുടെ പ്രകൃതിയിലും അവസ്ഥയിലും ഉള്ള വ്യത്യാസങ്ങള്‍.

മുരിങ്ങയില 60 ഗ്രാം നാല്‌ ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ നാലിലൊന്നാക്കി അതില്‍ പകുതി വീതം രാത്രി കിടക്കാന്‍ നേരവും പിറ്റേ ദിവസം കാലത്തും ആയി കുടിക്കുന്നത്‌ കേരളത്തിലല്ലാതെ താമസിക്കുന്ന പലരിലും ഗുണം ചെയ്തു. അത്‌ സ്ഥലത്തിന്റെ - ദേശത്തിന്റെ വ്യത്യാസം ആയിരുന്നിരിക്കാം.

നീര്‍മരുതിന്‍ തൊലി വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിക്കുന്നതും ചിലരില്‍ ഫലം ചെയ്തു.

സര്‍പ്പഗന്ധാദി ഗുളിക പാര്‍ത്ഥാരിഷ്ടത്തില്‍ ചിലര്‍ക്കു ഫലം ചെയ്തു.


എല്ലാവരിലും ഫലം ചെയ്യാത്ത കാര്യങ്ങള്‍ ചികില്‍സ ആണെന്നു പറയാന്‍ സാധിക്കില്ലല്ലൊ


ഇനി എന്റെ അനുഭവത്തില്‍ കിട്ടിയ ചില വിവരങ്ങള്‍ പങ്കു വയ്ക്കാം

A type Behaviour ഉള്ള ആളുകള്‍, അധികം സമയം ഇരുന്നു ജോലി ചെയ്യുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍, പാരമ്പര്യമായി സാധ്യത ഉള്ളവര്‍ ഇ മൂന്നു കൂട്ടരിലാണ്‌ ഇത്‌ അധികം കണ്ടത്‌

അതു കൊണ്ടു തന്നെ സൂര്യനമസ്കാരം പോലെ ഉള്ള യോഗാഭ്യാസവും , പ്രാണായാമവും ഇതില്‍ വളരെ ഫലം ചെയ്തു കണ്ടു.


പാരമ്പര്യമായി ഉള്ളവര്‍ക്ക്‌ ഇതോടൊപ്പം നീര്‍ന്മരുതിന്‍ തൊലി തിലപ്പിച്ച വെള്ളം കുടിക്കുന്നതും നന്നായിരിക്കും നീര്‍മരുതിന്‍ തൊലി ഒരു ഇഞ്ച്‌ സ്ക്വയര്‍ എടുത്ത്‌ നാലുഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിക്കുക വേണമെങ്കില്‍ കുറുക്കാം അല്ലെങ്കില്‍ അര മണിക്കൂര്‍ നേരം തിലപ്പിച്ച്‌ അതുപോലെ തന്നെ വയ്ക്കാം

അളവു കൂടൂതല്‍ കുടിച്ചാല്‍ ഹൃദയത്തിന്റെ Beat Rate കുറയും. അതുകൊണ്ട്‌ വൈദ്യന്റെ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലുമെ അപ്രകാരം ചെയ്യാവൂ Heart Rate ഏകദേശം 48 വരെ കുറച്ചപ്പോള്‍ കിടന്നെണീക്കുമ്പോള്‍ തലകറക്കം ഉണ്ടാകും - അത്‌ തലച്ചോറിലേക്കുള്ള രക്തചംക്രമണം position variation കൊണ്ട്‌ കുറയുന്നതാണ്‌ - അല്‍പം പതിയെ എണീറ്റാല്‍ ഉണ്ടാകുകയില്ല. എന്നാലും 56 ല്‍ താഴാതെ നോക്കുന്നതാണ്‌ നല്ലത്‌ സൂര്യനമസ്കാരവും പ്രാണായാമവും ക്രമമായി ചെയ്താല്‍ തന്നെ Heart Rate 60 ല്‍ നിര്‍ത്താം.

ഇതൊക്കെ കൊണ്ടുള്ള ഗുണം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം കൂടൂതല്‍ നന്നായി നടക്കും - ഹൃദയത്തിലെ Diastolic Phase കൂടൂതല്‍ ദൈര്‍ഘ്യം ഉള്ളതാകും. അതുകൊണ്ടു തന്നെ കൂടൂതല്‍ ചോര ഓട്ടം ഉണ്ടാകും. മിനിട്ടില്‍ 70 ല്‍ നിന്നും 60 ആകുമ്പോള്‍ ജോലിക്കുറവും ഉണ്ടാകും. ഇതൊക്കെ പറഞ്ഞാലും കണ്ട വൃത്തികെട്ട ആഹാരവും വൃത്തികെട്ട വിഹാരവും എല്ലാം ഉണ്ടെങ്കില്‍ പിന്നെ ഇത്ര പാടു പെടാതെ ഇരിക്കുന്നതായിരിക്കും നല്ലത്‌ വെള്ളത്തിനടിയില്‍ വച്ച്‌ മെഴുകുതിരി കത്തിക്കാന്‍ പറ്റില്ലല്ലൊ

This was my post in facebook

Now see the fun


ബ്രൈറ്റ്‌ എന്നോടു ചോദിച്ച ഒരു ചോദ്യം

"നിങ്ങള്‍ ആണ്‌ Reserpin ആദ്യമായി രക്തസമ്മര്‍ദ്ദത്തിനുപയോഗിക്കാം എന്ന അവകാശവാദം ആണോ എന്റെ കമന്റ്‌"

ഞാന്‍ പറഞ്ഞിട്ടില്ലത്ത ഒരു കാര്യം.
എന്നാലും പോകട്ടെ ഞാന്‍ തിരിച്ചു ചോദിച്ചു "ഈ ഞങ്ങള്‍ നിങ്ങള്‍ എന്ന തരം തിരിവ്‌ വേണോ?. "

അപ്പോള്‍ അങ്ങേരുടെ ചോദ്യം ആരാണ്‌ ഈ വാദം ആദ്യം തുടങ്ങിയത്‌. ശത്രക്രിയയുടെ പിതാവ്‌ ഇന്നാരാണെന്നു പറയുന്നതു പോലെ മെഡിസിന്റെ പിതാവ്‌ ഹിപ്പോക്രറ്റസ്‌ ആണെന്നും പറഞ്ഞ്‌ ഞങ്ങള്‍ വരുന്നില്ലല്ലൊ എന്നു തുടങ്ങി കുറച്ചു ന്യായങ്ങള്‍.

കേട്ടാല്‍ എത്ര ശരി എത്ര നിര്‍ദ്ദോഷം അല്ലെ?

അപ്പോള്‍ ബ്രൈറ്റ്‌ സ്വയം ഒരു 'ഞങ്ങള്‍' ഉണ്ടാക്കിയിട്ടുനോ?

പണ്ടു കാലത്ത്‌ അറിവ്‌ ആര്‍ക്കും ഉപയോഗിക്കാമായിരുന്നു ബ്രാഹ്മണര്‍ എത്രയൊക്കെ തലകുത്തി നിന്നു ശ്രമിച്ചിട്ടും ഏതു കണിയാരുടെ അടുത്തു ചെന്നാലും അന്നത്തെ രീതിയില്‍ ചികില്‍സിക്കാനുള്ള മരുന്ന് അയാള്‍ക്ക്‌ ഉണ്ടാക്കാനും ചികില്‍സിക്കാനും അവകാശം ഉണ്ടായിരുന്നു. അതിനെ ഒന്നും ആരും തടുത്തിരുന്നില്ല തടുക്കാന്‍ പറ്റിയിരുന്നും ഇല്ല

ആര്‍ ആദ്യം കണ്ടു പിടിച്ചാലും ഉണ്ടാക്കിയാലും ആര്‍ക്കും ഉപയോഗിക്കാമായിരുന്നു

എന്നാല്‍ ഇന്നോ ?

പേറ്റന്റ്‌ നിയമം ഉണ്ടാക്കി മഞ്ഞളിന്റെ പോലും ഉപയോഗം തടയാന്‍ ശ്രമിച്ച വര്‍ഗ്ഗം തിരികെ ചോദിക്കുന്നതു കേട്ടില്ലെ ഞങ്ങള്‍ അങ്ങനെ പറഞ്ഞുകൊണ്ടു വരുന്നുണ്ടോ എന്ന്.

പേറ്റന്റ്‌ നിയമം എന്താണ്‌? കോപ്പി റൈറ്റ്‌ എന്താണ്‌?

എന്തു സാധനം ആയാലും അത്‌ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉപയോഗിക്കണം എന്ന ചിന്ത മാത്രമുള്ള ചെറ്റകളുടെ ചെറ്റത്തരം അല്ലാതെ മറ്റ്‌ എന്താണ്‍ ഇവ ?

അതിനു വേണ്ടിയല്ലെ ഇത്‌ ഞാന്‍ ആദ്യം ഉണ്ടാക്കി പേറ്റന്റ്‌ എടുത്തതാണ്‍ എന്നു പറയുന്നത്‌

അത്‌ ആയുര്‍വേദക്കരാല്ലല്ലൊ ആയിരുന്നൊ?

ആയുര്‍വേദത്തിലേ ഓരോ മരുന്നും ഇതുപോലെ രാസായനിക ഘടന തിരിച്ചെടുത്ത്‌ ഇപ്രകാരം പറയുന്നതിനെ മൂടിവക്കാന്‍ എന്തു സുന്ദരന്‍ ചോദ്യം
ആദ്യം ഉണ്ടാക്കി എന്നു ചോദിക്കുന്നില്ല പോലും ഫൂ

ഇവരെ മലയാളത്തില്‍ പറഞ്ഞാല്‍ വിളിക്കാന്‍ ഇന്നുള്ള ഭാഷയില്‍ വാക്കുകള്‍ ഉണ്ടൊ?

Wednesday, August 29, 2012

തന്ത്രയുക്തി

തിരുവോണം വന്നല്ലൊ

ഇതിന്റെ ഐതിഹ്യത്തെ കുറിച്ച്‌ തര്‍ക്കങ്ങള്‍ എല്ലാകാലത്തും കേള്‍ക്കുന്നതാണ്‌. ഇതിന്റെ മാത്രം അല്ല, തത്വചിന്താപരമായ എന്തിനെ കുറിച്ചു രണ്ടു തരം വാദങ്ങള്‍ കേള്‍ക്കാം.

എന്തായിരിക്കാം ഇതിനു കാരണം?
ഓരോ വാദവും കേള്‍ക്കുമ്പോള്‍ സത്യമാണെന്ന് സാധാരണ ഒരാള്‍ക്കു തൊന്നും.
അതുകൊണ്ട്‌ നമുക്കിതിലേക്കൊന്ന് ഇറങ്ങി ചെന്നാലൊ?


ആദ്യമായി വിദ്യ നേടേണ്ട വഴികള്‍ നോക്കാം

പണ്ടുള്ളവര്‍ പറഞ്ഞു വിദ്യ നാലു തരത്തില്‍ ലഭിക്കുന്നു എന്ന്
1. ഗുരുവില്‍ നിന്ന് നാലിലൊന്ന്
2. പുസ്തകങ്ങളില്‍ നിന്നും നാലിലൊന്ന്
3. സുഹൃത്തുക്കളില്‍നിന്നും നാലിലൊന്ന്
4 ബാക്കി ജീവിതം മുഴുവന്‍ കൊണ്ട്‌.

ഇതില്‍ തത്വചിന്താപരമായ കാര്യങ്ങള്‍ പഠിക്കുന്നത്‌ ഗുരുവില്‍ നിന്നായിരിക്കണം. അത്‌ അടിസ്ഥാനം. ആടിസ്ഥാനത്തെ പോഷിപ്പിക്കാനുള്ള ഉപായങ്ങള്‍ ആണ്‌ ബാക്കി എല്ലാം.

ബ്ലോഗില്‍ ഉണ്ടായ ഒരു ദീര്‍ഘകാല തര്‍ക്കത്തില്‍ ഈ വിഷ്യം വന്നിരുന്നു.

അന്ന് ഒരാള്‍ തന്ന ഉദാഹരണം - എന്തും സ്വയം പഠിക്കാം, എന്തില്‍ നിന്നും പഠിക്കാം എന്നും ആീരുന്നു.
വളരെ ശരി.
പക്ഷെ അയാള്‍ കൊടൂത്ത ഉദാഹരണം ഇതായിരുന്നു അയാള്‍ തമിഴ്‌ വായിക്കാന്‍ പഠിച്ചത്‌ ബസിലെ ബോര്‍ഡ്‌ നോക്കിയാണത്രെ.

ബസ്സിലെ ബോര്‍ഡ്‌ നോക്കി തമിഴ്‌ വായിക്കാന്‍ പഠിക്കുന്നത്‌ വളരെ നല്ല കാര്യം.
പക്ഷെ ആ വിവരവും വച്ച്‌ കൊണ്ട്‌ ചെന്ന് തമിഴിലെ ക്ലാസിക്‌ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാല്‍ പോയാല്‍ അതിനെ ബോധം ഉള്ളവര്‍ വിവരക്കേട്‌ എന്നു വിളിക്കും. കാരണം അതിലെ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം അറീവ്‌ ബസ്സിലെ ബോര്‍ഡില്‍ നിന്നും ലഭിക്കില്ല
സംശയം ഉണ്ടോ?

ഭാരതീയ തത്വശാസ്ത്രം വ്യാഖ്യാനിക്കുകയോ അതിലെ വിഷയങ്ങളെ കുറിച്ചു തര്‍ക്കിക്കുകയൊ ചെയ്യണം എങ്കില്‍ ആദ്യം അത്‌ പഠിക്കേണ്ടതു പോലെ പഠിക്കണം വേണ്ടെ?

അതൊ ബസ്സിലെ ബോര്‍ഡ്‌ നോക്കി ഹിന്ദി അക്ഷരങ്ങള്‍ പഠിച്ചിട്ട്‌ അതേ ലിപിയില്‍ എഴുതിയിരിക്കുന്ന സംസ്കൃതം വായിച്ച്‌ അങ്ങു വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ മതിയൊ?

അതോ അതിന്റെ തര്‍ജ്ജമകള്‍ വായിച്ചിട്ട്‌ അതിന്‍ പ്രകാരം വായില്‍ തോന്നിയതു പോലെ പറഞ്ഞാല്‍ മതിയൊ?

എന്റെ അഭിപ്രായം പറഞ്ഞാല്‍ -

പോരാ

ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങള്‍ എല്ലാം തുടങ്ങുന്നത്‌ "ഓം" അല്ലെങ്കില്‍ "അഥ" എന്ന ഒരു പദം കൊണ്ടാണ്‌.

"ഓംകാരശ്ചാഥശബ്ദശ്ച
ദ്വാവേതൗ ബ്രഹ്മണഃ പുരാ
കണ്ഠ ഭിത്വാ വിനിര്യാതൗ
തസ്മാന്മാംഗളികാവുഭൗ"

എന്നു പറഞ്ഞ്‌ ഒരു വിശദീകരണവും കൊടൂത്തു. സന്തോഷമായില്ലെ?

ഓംകാരവും അഥ ശബ്ദവും ആദിയില്‍ ബ്രഹ്മാവിന്റെ കണ്ഠത്തില്‍ നിന്നുല്‍ഭവിച്ചതാണ്‌ അതു കൊണ്ട്‌ അവ രണ്ടും മംഗളകാരകങ്ങള്‍ ആണ്‌. അതുകൊണ്ട്‌ ഇവയില്‍ ഒന്നിനെ കൊണ്ട്‌ തുടങ്ങും എന്ന്.

ഇതു വായിച്ചു കഴിഞ്ഞാല്‍ കഠോപനിഷത്തിലെ സന്ദര്‍ഭം വായിക്കണം.
വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്‌. അത്‌ അവിടെ വായിക്കുക. അതിന്റെ ഒരു ചുരുക്കം ഇവിടെ പറയാം.

കഠോപനിഷത്തില്‍ നചികേതസ്‌ എന്ന ഒരു രാജകുമാരന്‍ തന്റെ അച്ഛന്‍ യാഗം നടത്തി വയസായ പശുക്കളെ ദാനം ചെയ്യുന്നതു കണ്ടപ്പോള്‍ അത്‌ ഇഷ്ടപ്പെടാതെ അച്ഛനെ കാര്യം ബോധിപ്പിക്കാനായി "തന്നെ ആര്‍ക്കാണ്‍ ദാനം ചെയ്യാന്‍ പോകുന്നത്‌?" എന്നു ചോദിച്ചു

പലതവണ ചോദിച്ചപ്പോള്‍ കുപിതനായി നിന്നെ യമനാണ്‌ കൊടൂക്കാന്‍ പോകുന്നത്‌ എന്നു പറഞ്ഞു രാജാവ്‌

അതു കേട്ടതു കുമാരന്‍ യമന്റെ അടുത്തെത്തി

അവിടെ വച്ച്‌ യമനോട്‌ മരണശേഷം ഉള്ള അവസ്ഥയെ കുറീച്ച്‌ ഒരു ചോദ്യം ഉണ്ട്‌. ആ ചോദ്യത്തിനുത്തരം യമന്‍ അറിയാന്‍ പാടീല്ലാഞ്ഞിട്ടല്ല ആദ്യം മറ്റു പല വേലത്തരങ്ങളും കാണിക്കുന്നത്‌.
പിന്നെയൊ?

ആ ചോദ്യത്തിനുള്ള ഉത്തരം ഉള്‍കൊള്ളാന്‍ ഈ കുട്ടിയ്ക്കു കഴിവുണ്ടോ എന്നു പരിശോധിക്കുകയാണ്‌.
ആ കഴിവുള്ളവരോടെ അതു പറയാവൂ ഇല്ലെങ്കില്‍ ഗുണമുണ്ടാകുകയില്ല എന്നു മാത്രമല്ല പിച്ചാത്തി ഉണ്ടാക്ക്ന്‍ ഉതകുന്ന ഇരുമ്പിന്റെ വിദ്യ പഠിച്ചിട്ട്‌ വാളുണ്ടാക്കുന്നതു പോളെ ചിലപ്പോള്‍ അബദ്ധവും ആയേക്കാം.

അതു വരാതിരിക്കാന്‍ ശിഷ്യനെ പരീക്ഷിക്കുകയാണ്‌.

ബാക്കി അവിടെ വായിക്കുക

ഇവിടെ നാം പറഞ്ഞത്‌ "ഓം" അല്ലെങ്കില്‍ "അഥ" അല്ലെ?

ഇവിടത്തെ അഥയ്ക്കും അതെ ഉദ്ദേശം ആണ്‌

ഇനി പറയാന്‍ പോകുന്ന ശാസ്ത്രം ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്തവര്‍ക്കായിരുന്നു ബ്രഹ്മാവിന്റെ മുഖത്തില്‍ നിന്നുള്ള ഉത്ഭവം.

ഉള്ളവനാണെങ്കില്‍ ഗുരു പറയുന്നത്‌ യഥാര്‍ത്ഥ അര്‍ത്ഥം ആയിരിക്കും

അതിന്റെ സൂചന ആണ്‌ അഥ = അനന്തരം

എന്തിന്‌ അനന്തരം?

ശിഷ്യപ്രശ്നാനന്തരം

ആ വിദ്യ നേടാനുള്ള പൂര്‍വ ജ്ഞാനം ലഭിച്ചതു കൊണ്ട്‌ ശിഷ്യന്‍ ഇനി പറയുവാന്‍ പോകുന്ന വിഷയം ഏതിനുത്തരമാണോ ആ ചോദ്യം ചോദിച്ചതിന്‌ അനന്തരം.

അഥ കഴിഞ്ഞാല്‍ ഉപയോഗിക്കുന്ന അടൂത്ത വാക്ക്‌ ആണ്‌ "അതഃ"

ആയുര്‍വേദത്തില്‍ കേട്ടിട്ടുണ്ടാകും "അഥാതോ രോഗഭിഷഗ്ജിതീയം വ്യാഖ്യാസ്യാമഃ"
ബ്രഹ്മസൂത്രം തുടങ്ങുന്ന - "അഥാതോ ബ്രഹ്മജിജ്ഞാസാ"

അതായത്‌ ഈ അഥയും അതഃ യും ഒന്നിച്ച്‌ പറയുന്നു.

അതഃ = അതു കാരണം
ഏതു കാരണം?
ശിഷ്യന്‍ ചോദിച്ചതു കൊണ്ട്‌

അതെന്താ എടുത്തു പറഞ്ഞത്‌?

ചോദിച്ചില്ലെങ്കില്‍ പറയരുത്‌

കാരണം ആ ചോദ്യം വന്നില്ലെങ്കില്‍ അത്‌ അവന്‍ ഉള്‍ക്കൊള്ളാന്‍ ആയില്ല എന്നര്‍ത്ഥം.

മുകളില്‍ എഴുതിയ വിഷയം "തന്ത്രയുക്തി" എന്നു പറയും.
തന്ത്രയുക്തി എന്ന ഒരു ശാസ്ത്രം തന്നെ ഉണ്ട്‌ എങ്ങനെ ആണ്‌ ശാസ്ത്രങ്ങള്‍ പഠിക്കേണ്ടതും പത്തീപ്പിക്കേണ്ടതും എന്നു മനസിലാക്കാന്‍

അതു പഠിച്ചിട്ടു വേണം ശാസ്ത്രം പഠിക്കാന്‍

അല്ലാതെ വല്ല അണ്ടനും അടകോടനും ഒക്കെ ശാസ്ത്രം വ്യാഖ്യാനിക്കുമ്പോള്‍ ഇങ്ങനിരിക്കും

തുടരാം

Saturday, August 25, 2012

ശാസ്ത്രം വളര്‍ന്നു

ശാസ്ത്രം വളര്‍ന്നു വളരെയധികം വളര്‍ന്നു
സംശയമില്ല.

പക്ഷെ ജനങ്ങളുടെ, ആരോഗ്യമോ? ചികില്‍സയോ?
ഇന്നത്തെ ഭാരിച്ച ചികില്‍സാചെലവുകള്‍ താങ്ങാന്‍ എത്ര പേര്‍ക്കു കഴിയും?

ഇതിനെ കുറിച്ച്‌ ആലോചിച്ചാല്‍ സന്തോഷം വരുന്നത്‌ മരുന്നു കമ്പനിക്കാര്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കും ആയിരിക്കും അല്ലെ?

കുറെ ഏറെ കാലം മുന്‍പ്‌ എന്റെ ഒരു സുഹൃത്ത്‌ കുട്ടികളുടെ ഡോക്റ്റര്‍ ആണ്‌ദ്ദേഹത്തിന്റെ കുട്ടിയ്ക്ക്‌ ഒരു വയറിളക്കം.

രണ്ടുമൂന്നു ദിവസം മരുന്നു കൊടുത്തിട്ടും കുറയാതിരുന്നപ്പോള്‍ ആ വീട്ടില്‍ അടുക്കളയില്‍ പണി ചെയ്തിരുന്ന പ്രായം ചെന്ന ഒരു അമ്മ ഉണ്ടായിരുന്നു അവര്‍ക്കു വിഷമം ആയി
അവര്‍ ചോദിച്ചു കുഞ്ഞെ ഞാന്‍ ഈ കൊച്ചിന്‌ ഒരു സൂത്രം കൊടുക്കട്ടെ?

ആയമ്മ ഏതായാലും ലോപെറാമൈഡ്‌ ഒന്നും കൊടുക്കുകയില്ലെന്നുറപ്പുള്ളതു കൊണ്ട്‌ അദ്ദേഹം സമ്മതിച്ചു.

പിറ്റേ ദിവസം കുട്ടന്‍ ഉഷാര്‍.

സുഹൃത്ത്‌ ചോദിച്ചു അമ്മച്ചി എന്തു സൂത്രമാകൊടുത്തത്‌?

വല്ല്യ മഹാകര്യം ഒന്നുമില്ല

ഉപ്പുമാങ്ങയുടെ അണ്ടിക്കകത്തെ പരിപ്പില്ലെ അത്‌ അരച്ച്‌ അരിപ്പൊടിയും ചേര്‍ത്ത്‌ ഒരു അപ്പം ഉണ്ടാക്കി കൊടുത്തു അത്ര തന്നെ.

ഇതു കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നു. ഞങ്ങളുടെ കൊച്ചിലെ എനിക്ക്‌ അമ്മ ഇതുപോലെ ചില സാധനങ്ങള്‍ തരുമായിരുന്നു. എല്ലാ കൊല്ലവും ഓരോരൊ സമയത്ത്‌ കൃത്യമായും ചിട്ടയായും. അതില്‍ ഒന്ന് ഇതുപോലെ ഉണങ്ങിയ മാങ്ങയണ്ടിയ്യുടെ അകത്തുള്ള ചോക്കലേറ്റ്‌ പോലത്ത പരിപ്പു കൊണ്ടുള്ളതായിരുന്നു.

ഒന്നും മരുന്നായല്ല

ആഹാരപദാര്‍ത്ഥങ്ങള്‍ ആയിട്ട്‌.

ഈശ്വരന്‍ അനുഗ്രഹിച്ച്‌ പഠിക്കാന്‍ കോട്ടക്കല്‍ എത്തുന്നതിനു മുന്‍പ്‌ എനിക്ക്‌ ആശുപത്രി കാണേണ്ടി വന്നിട്ടുള്ളത്‌ ഒരിക്കല്‍ ഒരു വലിയ മുറിവുണ്ടായപ്പോള്‍ മാത്രം.

വായിക്കുന്നവര്‍ ചിരിച്ചു തള്ളും എന്നറിയാം.

കാരണം അവരെല്ലാം വളരെ അധികം പഠിപ്പും പത്രാസും ഉള്ളവരാണല്ലൊ.

അത്ര ഇല്ലാത്തവര്‍ക്കു വേണ്ടി ഒരു കാര്യം കൂടി പറയാം ത്രിഫല പൊടിച്ച്‌ അതു കൊണ്ടു പല്ലു തേക്കുക - ആദ്യം വിരല്‍ കൊണ്ടും പിന്നീട്‌ ബ്രഷ്‌ ഉപയോഗിച്ചും, അതു തന്നെ ഒരു സ്പൂണ്‍ രാത്രി കിടക്കാന്‍ നേരം കഴിക്കുക.

പല്ലു ഡോകറ്ററുടെ അടുത്തു പോകേണ്ട ആവശ്യം അധികം വരില്ല ചിലപ്പോള്‍ വായ്പ്പുണ്ണൂം ഉണ്ടാവില്ല.

ഇതു കേട്ടിട്ടു ചെന്ന് ഇതൊക്കെ ചെയ്തിട്ട്‌ ബിസ്കറ്റ്‌ ചോക്കലേറ്റ്‌ ഇവ മാതിരി സാധനങ്ങള്‍ തിന്ന് പല്ലിലെല്ലാം ഒട്ടി ഇരിക്കുന്ന രീതിയില്‍ വച്ചിട്ട്‌ പുഴുപ്പല്ലാക്കിയിട്ട്‌ പറയനം പണിക്കരു പറഞ്ഞത്‌ തെറ്റാണേ കൂ ന്ന്

കയ്യിലിരിപ്പും കൂടി നന്നാകണെ

Thursday, August 23, 2012

ന ബ്രൂയാത്‌ സത്യം അപ്രിയം

ശ്ലോകങ്ങളുടെ അര്‍ത്ഥം പലപ്പോഴും പറഞ്ഞു പറഞ്ഞു വികലമായിത്തീരാറുണ്ട്‌ അല്ലെ?

അങ്ങനെ വികലമായതില്‍ പ്രധാനപ്പെട്ട ഒരു ശ്ലോകം ആണ്‌

"സത്യം ബ്രൂയാത്‌ പ്രിയം ബ്രൂയാത്‌
ന ബ്രൂയാത്‌ സത്യമപ്രിയം"

ഇതിനെ വ്യാഖ്യാനിച്ചു കേട്ടിരിക്കുന്നത്‌

സത്യം ബ്രൂയാത്‌ = സത്യം പറയൂ
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ

അപ്രിയം സത്യം ന ബ്രൂയാത്‌ = അപ്രിയമായ സത്യത്തെ പറയാതിരിക്കൂ
എന്നാണ്‌.

സംസ്കൃതത്തില്‍ അന്വയം എന്നൊരു പരിപാടി ഉണ്ട്‌. അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളെ യഥായഥം അടുക്കിചേര്‍ക്കുന്ന പരിപാടി.

പക്ഷെ അത്‌ വായില്‍ തോന്നിയതു പോലെ ചെയ്യാന്‍ പാടുണ്ടൊ?

എഴുതിയ ആള്‍ ഉദ്ദേശിച്ച ഒരു അര്‍ത്ഥം കാണും. അതല്ലെ പറയേണ്ടത്‌?

പണ്ട്‌ ഒരു സംഭവം കേട്ടിട്ടുണ്ട്‌

ചങ്ങമ്പുഴ മഹാരാജാസില്‍ പഠിക്കുമ്പോള്‍ പഠിക്കാനുള്ള ഒരു പുസ്തകം അദ്ദേഹത്തിന്റെ "രമണന്‍"

പഠിപ്പിക്കുന്ന സാര്‍ അദ്ദേഹം ഉദ്ദേശിച്ച അര്‍ത്ഥമല്ലാതെ മറ്റൊന്നു പറഞ്ഞു പോലും

ഇതേപോലെ പണ്ട്‌ ശ്ലോകങ്ങള്‍ എഴുതിയവര്‍ ഇന്നില്ലല്ലൊ വന്നു പറഞ്ഞു തരാന്‍

എന്നാല്‍ അങ്ങനെ ഒരു അനര്‍ത്ഥം വരാതിരിക്കുവാന്‍ വേണ്ടി പണ്ടുള്ളവര്‍ "തന്ത്രയുക്തി" പോലെ ചില സാധനങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌.

എന്നാല്‍ അതും ഒരു ക്രമത്തില്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളില്‍ മാത്രമെ പ്രയോജനപ്പെടൂ. ഒറ്റ ഒറ്റ ശ്ലോകങ്ങളില്‍ പറ്റില്ല

അതുകൊണ്ട്‌ ഒറ്റ ഒറ്റ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ മുന്‍പു എഴുതിയിട്ടുള്ള പ്രസിദ്ധമായ്‌ ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങള്‍ക്ക്‌ അനുസൃതമായിരിക്കണം അതിനര്‍ത്ഥം.

രാമായണത്തില്‍ ശൂര്‍പ്പണഖ രാവണന്റെ അടുത്തു ചെന്നു പരാതി പറയുന്ന കൂട്ടത്തില്‍ പറയുന്ന ഒരു ശ്ലോകം ഉണ്ട്‌

"സുലഭാഃ പുരുഷാഃ ലോകേ സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

ഈ ലോകത്തില്‍ എല്ലായ്പ്പോഴും പ്രിയം പറയുന്ന ആളുകള്‍ സുലഭം ആണ്‌ - കമ്പനികളില്‍ നോക്കിയാല്‍ സംശയമേ ഉണ്ടാവില്ല ആനയെ കണ്ടിട്ട്‌ ബോസ്‌ പൂച്ചയാണെന്നു പറഞ്ഞാല്‍ അതെ അതെ പൂച്ച തന്നെ എന്നു പറഞ്ഞു പിന്നാലെ നടക്കുന്ന മൂടുതാങ്ങികള്‍

പക്ഷെ അപ്രിയമായതും കേള്‍ക്കുന്നയാള്‍ക്ക്‌ നല്ലതിനു വേണ്ടിയുള്ളതായതും ആയ കാര്യങ്ങള്‍ പറയുന്നവരും കേള്‍ക്കുന്നവരും വളരെ ചുരുക്കം.

സംശയം ഇല്ലല്ലൊ അല്ലെ?

ഇതേ വിഷയം മഹാഭാരതത്തില്‍ വരുന്നുണ്ട്‌
കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ്‌ ധൃതരാഷ്ട്രര്‍ വിദുരനെ വിളിക്കും. ആ സന്ദര്‍ഭത്തില്‍ കുശലപ്രശ്നങ്ങള്‍ക്കു ശേഷം വിദുരര്‍ ആദ്യം പറയുന്നത്‌ ഇതാണ്‌

"സുലഭാഃ പുരുഷാഃ രാജന്‍ സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ല്ലഭാഃ"

പക്ഷെ അതു കഴിഞ്ഞ്‌ അദ്ദേഹം അപ്രിയമായ സത്യം പറയാതിരിക്കുകയല്ല ചെയ്തത്‌ പിന്നെയോ, അങ്ങേര്‍ക്കു മനസിലാകുന്ന തരത്തില്‍ വിശദീകരിച്ചു കൊടുക്കുകയാണ്‌.

പണ്ട്‌ ഒരു കഥയുണ്ട്‌

ഒരു വലിയ ധനിക കുടുംബത്തിലെ കുട്ടി മദിരാശിയില്‍ പഠിക്കുന്നു. ഒരിക്കല്‍ അയാളുടെ കുടുംബത്തില്‍ വലിയ ഒരഗ്നിബാധ ഉണ്ടായി സകലതും നശിച്ചു.

അയലത്തുകാര്‍ ഒത്തുകൂടി.
ആ കുട്ടിയെ എങ്ങനെ വിവരം അറിയിക്കും? പെട്ടെന്ന് ഇതറിഞ്ഞാല്‍ എന്താകും സംഭവിക്കുക?

അപ്പോള്‍ ഒരാള്‍ പറഞ്ഞു ഞാന്‍ അവിടെ പോയി പറയാം.

അയാള്‍ കുട്ടി പഠിക്കുന്ന കോളേജില്‍ ചെന്നു

സന്ദര്‍ശകന്‍ ഉണ്ടെന്നറിഞ്ഞ കുട്ടി സന്തോഷമായി വെളിയില്‍ വന്നു അയല്‍വാസിയെ കണ്ട സന്തോഷത്തില്‍ അവന്‍ ചോദിച്ചു "എന്താ ചേട്ടാ വിശേഷം?

അയല്‍വാസി പറഞ്ഞു " നല്ല വിശേഷം ചുമ്മാ നിന്നെ ഇന്നു കാണാം എന്നു വിചാരിച്ചു"

കുട്ടി "വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെ അല്ലെ? എന്താ ചേട്ടന്‍ ഈ വഴിക്കൊക്കെ വന്നത്‌?"

അയല്‍വാസി " ഓ പ്രത്യേകിച്ചൊന്നുമില്ല പിന്നെ നിന്റെ വീട്ടിലെ ആ പൂച്ച ചത്തുപോയി"

കുട്ടി " ഹൊ അതാണൊ ഇത്ര വല്യ കാര്യം ആട്ടെ എങ്ങനാ പൂച്ച ചത്തത്‌?

അയല്‍വാസി "അത്‌ കുതിരയിറച്ചി ഒരുപാട്‌ കഴിച്ചു. എല്ലാം കൂടിദഹിച്ചുകാണത്തില്ല"

കുട്ടി " കുതിരയിറച്ചിയോ അതെവിടന്ന്?"

അയല്‍വാസി " ഹ കുതിരപ്പന്തിക്കു തീപിടിച്ചപ്പോള്‍ കുതിരയൊക്കെ ചത്തുപോയില്ലെ അതിനെ തിന്നു"

കുട്ടി " ങ്‌ ഹെ കുതിരപ്പന്തിക്കു തീപിടിച്ചൊ? അതെങ്ങനെ"

അയല്‍വാസി " അടുക്കളയുടെ അടുത്തല്ലായിരുന്നൊ കുതിരപ്പന്തി. അടൂക്കളയില്‍ പിടിച്ച തീ പിന്നീട്‌ അവിടെയും പകരാതിരിക്കുമൊ?"

ഇങ്ങനെ പറഞ്ഞു പറഞ്ഞ്‌ ആ വ്യസനിപ്പിക്കുന്ന സത്യം അല്‍പാല്‍പമായി കുട്ടി അറിഞ്ഞു.

എന്നു പറഞ്ഞതു പോലെ അപ്രിയമായ സത്യം പറയരുത്‌ എന്നല്ല

സത്യത്തെ പ്രിയമാകും വണ്ണം പറയണം എന്നാണ്‌ ആ വരികളുടെ അര്‍ത്ഥം

വേണ്ടാത്ത രീതിയില്‍ അന്വയിച്ചപ്പോഴാണ്‌ വേണ്ടാത്ത അര്‍ത്ഥം കിട്ടുന്നത്‌
നേരെ നോക്കൂ

സത്യം ബ്രൂയാത്‌ = സത്യം പറയൂ
പ്രിയം ബ്രൂയാത്‌ = പ്രിയം പറയൂ
ന ബ്രൂയാത്‌ സത്യം അപ്രിയം = പറയരുത്‌ സത്യം അപ്രിയം - എന്നു വച്ചാല്‍ സത്യം അപ്രിയമായി പറയരുത്‌ എന്നാണ്‌. അതായത്‌ അപ്രിയമായല്ല പ്രിയമാകും വണ്ണമാണ്‌ സത്യം പറയേണ്ടത്‌ എന്ന്

അതിനെ തിരിച്ച്‌ അപ്രിയം സത്യം ന ബ്രൂയാത്‌ എന്ന് അന്വയിക്കാന്‍ ആരും പറഞ്ഞില്ലല്ലൊ അല്ലെ?